Monday, June 6, 2016

എന്‍റെ നാട്

എന്‍റെ നാട് അഞ്ചരക്കണ്ടി
=====================

 പുഴകളും കുന്നുകളും കാടുകളും വയലുകളും കേര വൃക്ഷങ്ങളുമൊക്കെയായി പ്രകൃതി രമണീയമായ നാട്.

1767-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചരക്കണ്ടിയില്‍ 500 ഏക്കര്‍ പ്രദേശത്ത് സുഗന്ധ വ്യഞ്ജനങ്ങള്‍ കൃഷി ചെയ്യുവാനായി ഒരു എസ്റ്റേറ്റ്‌ സ്ഥാപിച്ചു. 1799-ൽ പ്രദേശത്തെ ‘അഞ്ചുകണ്ടികൾ’ കമ്പനി വിലകൊടുത്തുവാങ്ങി. പിന്നീട്‌ പുഴയുടെ തീരത്തെ ‘അരക്കണ്ടി’ കൂടി കമ്പനി കൈയിലാക്കി. ഇങ്ങനെയാണ്‌ "അഞ്ചരക്കണ്ടി" എന്ന പേര്‌ ഉപയോഗിച്ചു തുടങ്ങിയത്‌.
 1850-ല്‍ ആണ് ലോര്‍ഡ് മര്‍ഡോക്ക് ബ്രൌണ്‍ എന്ന സായിപ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി അഞ്ചരക്കണ്ടിയില്‍ എത്തിച്ചേരുകയും അതിനു ‘രണ്ടുതറ ‘എസ്റ്റേറ്റ്‌ എന്ന പേരിടുകയും ചെയ്തത്.

ഇവിടെ നിനും സിനമണ്‍ (കറുവപ്പട്ട) ഓയില്‍ സംസ്കരിചെടുക്കുകയും വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ഉണ്ടായി.

ബ്രൌണ്‍ സായിപ്പ് പിന്നീട് ഭൂമി അളന്നു തിട്ട പെടുത്തുകയും അതിന്‍റെ   രേഖകള്‍ സൂക്ഷിക്കുകയും ചെയ്യുവാന്‍ തുടങ്ങി. ഭൂമി കൈവശം ഉള്ളവര്‍ക്കെല്ലാം അതിന്‍റെ രേഖകള്‍ ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ 1865 ഫെബ്രുവരി ഒന്നാം തീയതി സര്‍ക്കാര്‍ അംഗീകാരത്തോടെ ഇന്ത്യയിലെ ആദ്യത്തെ സബ്ബ് രജിസ്ട്രര്‍ ആഫീസ് അഞ്ചരക്കണ്ടിയില്‍ ആരംഭിയ്ക്കുകയും ചെയ്തു.

ഈ എസ്റ്റേറ്റിനോട് അനുബന്ധിച്ച് അദേഹം ഒരു കൂറ്റന്‍ ബംഗ്ലാവ് അഞ്ചരകണ്ടി പുഴയുടെ തീരത്ത് സ്ഥാപിച്ചു അത് നിര്‍മിച്ചത് ഇംഗ്ലണ്ടിലെ തെംസ് നദി തീരത്തുള്ള ഒരു ബംഗ്ലാവിന്റെ മാതൃകയില്‍ ആയിരുന്നു. കൂടാതെ അന്നൊക്കെ ധാരാളം ജോലിക്കാര്‍ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്ക് ജോലി സമയം മനസിലാക്കാനായി ഒരു വലിയ മണിയും അവിടെ തോട്ടത്തില്‍ ഉണ്ടായിരുന്നു. എന്നും രാവിലെയും വൈകുന്നേരവും കൃത്യം 6 മണിക്ക് മണി മുഴങ്ങും. ഒരു ഗ്രാമത്തെ ഉണര്‍ത്തിയിരുന്ന ആ മണിയും കാലപ്പഴക്കത്തില്‍ നിശ്ചലമായി.
1903-ല്‍‍ കേരളം സിംഹം എന്നറിയപെടുന്ന വീര പഴശ്ശി ഇവിടെ വച്ചായിരുന്നു പട വെട്ടിയത്. നെപ്പോളിയനെ തോല്‍പ്പിച്ച് വന്ന ആര്‍തര്‍ വെല്ലസ്ലിക്ക് പഴശിരാജയുടെ ഒളിയുദ്ധത്തെ നേരിടുവാന്‍ വളരെ പാട് പെടേണ്ടി വന്നു. ഒടുവില്‍ സ്വന്തം കൂട്ടാളി നടത്തിയ ഒറ്റിലൂടെ …..ഈ കഥകളൊക്കെ ഇന്നത്തെ തലമുറയില്‍ എത്ര പേര്‍ക്കറിയാം ……? ഇന്ന് അഞ്ചരക്കണ്ടിയില്‍ ചരിത്രത്തിന്‍റെ ആ മണി മുഴങ്ങുന്നില്ല തല ഉയര്‍ത്തി നില്‍കുന്ന ആ ബംഗ്ലാവ് ഇന്നവിടെ ഇല്ല പകരം സ്വകാര്യ വ്യക്തികളുടെ മന്ദിരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കാലം കടന്നു പോകുമ്പോളും ഇനി ഒരിക്കലും ഉയിര്‍ത്തെഴുനെല്‍ക്കാത്ത ആ ചരിത്ര സ്മാരകങ്ങള്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ബ്രിട്ടീഷ്കാര്‍ ഇന്ത്യ വിട്ടു പോകുമ്പോള്‍ സ്വകാര്യ മുതലാളിമാര്‍ തോട്ടം കൈക്കലാക്കുകയും അവിടെ അവര്‍ പടു കൂറ്റന്‍ സ്ഥാ‍പനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു കഴിഞ്ഞു.

ചരിത്രം ഉറങ്ങുന്ന ഈ മണ്ണില്‍ അഞ്ചരക്കണ്ടി പുഴ ഒരു ഗ്രാമത്തിന്‍റെ
 പൂര്‍ണ വിശുദ്ധിയോടെ എല്ലാം കണ്ടും കേട്ടും സ്വച്ഛന്ദമായി ഒഴുകുന്നു. ,എങ്കിലും ആ പുഴയുടെ ഓളങ്ങള്‍ക്ക് ഒരുപക്ഷെ നിങ്ങളോടൊക്കെ ഒരു പാട് ചരിത്ര കഥകള്‍ പറയാനുണ്ടാവും ടിപ്പുവിനെ തുരത്തിയോടിച്ച വീര പഴശ്ശിയുടെ സാഹസിക കഥകള്‍ പോലുള്ളവ.., അഞ്ചരക്കണ്ടി പുഴ പിന്നെയും ഒഴുകുന്നു.. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര കഥകളുടെ സ്മൃതികളും പേറി ..ഇന്ന് ചരിത്രത്തിന്റെ അവശേഷിപ്പുകളായി തോട്ടവും സബ് രജിസ്ട്രെര്‍ ആഫീസും മാത്രം ബാക്കി……

ഉമർസാലി,അഞ്ചരക്കണ്ടി

1 comment: